ദേവരാജൻ ജനകീയ സംഗീത ഇൻസ്റ്റിറ്റ്യുട്ട്
(G.Devarajan Institute of People’s Music)
ജനങ്ങളെ അഭിരമിപ്പിക്കുന്നതും അവരുടെ ഹൃദയതാളങ്ങൾ വീണലിയുന്നതുമായ കല ജനകീയമാണ്. ജനകീയ(പിപ്പിൾസ്) എന്ന സംജ്ഞയ്ക്ക് വിപുലമായ അർത്ഥമുണ്ടെന്ന് നെഹൃ ഒരിക്കൽ ചൂണ്ടിക്കാണിച്ചു. ജനതയുടെ സംസ്കാരവുമായി ചേർന്നു നിൽക്കുന്ന ഒരു ചിന്തയാണത് കലയിലെ ജനകീയത എന്ന സർഗ്ഗാത്മക ചിന്ത സാർവ്വത്രികമായി ചർച്ച ചെയ്യപ്പെട്ടു വരുന്നു.
പാരമ്പര്യാധിഷ്ഠിത സംഗീതത്തെ ജനകീയതയുടെ വഴികളിലേക്ക് തിരിച്ചുവിട്ട പ്രതിഭകളാണ് ജി.ദേവരാജനും കെ.രാഘവനും മറ്റും.
ദേവരാജന്റെ നാമധേയത്തിൽ ആരംഭിക്കുന്ന ജനകീയ സംഗീത ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതസംബന്ധമായ പുസ്തകങ്ങളുടെ ലൈബ്രറി, ബാവുൾ, ഭാംഗഡ തുടങ്ങിയ ഇൻഡ്യൻ ജനകീയ ഗാനങ്ങൾ, ദക്ഷിണാഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പോരാട്ട ഗാനങ്ങൾ, വിവിധ ദേശീയ ഗാനങ്ങൾ തുടങ്ങിയവയുടെ ശേഖരം സ്വായത്തമാക്കുകയും; സംഗീത സംഘങ്ങൾക്ക് കുറഞ്ഞ ചെലവിൽ പരിശീലന സൗകര്യങ്ങൾ, സംഗീതം അഭ്യസിക്കുന്നതിനുള്ള സൗകര്യങ്ങൾ, സംഗീത പരിപാടികളും സംഗീത സെമിനാറുകളും നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ തുടങ്ങിയവ ലഭ്യമാക്കുകയുമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ. സംഗീത വിദ്യാർത്ഥികൾക്ക് ഗവേഷണതലം വരെ ഉപയുക്തമാക്കുന്നതിനുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടാണ് ലക്ഷ്യമിട്ടിരിക്കുന്നത്.