ഉദ്ദേശ്യ ലക്ഷ്യങ്ങൾ
1) ദേവരാജൻ മാസ്റ്റർ രൂപം കൊടുത്തു വളർത്തിയ ശക്തിഗാഥ എന്ന ഖ്വയർ രൂപത്തിന്റെ ശക്തി സൗന്ദര്യത്തെ പുതിയ തലമുറയ്ക്ക് പകർന്ന് നൽകുക
2) മാസ്റ്ററുടെ സംഗീത ദർശനത്തിന്റെ സാംസ്ക്കാരിക പാരമ്പര്യം പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സെമിനാറുകൾ, സംവാദങ്ങൾ, സംഗീത ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുക
3) സംഗീത പ്രതിഭകൾക്ക് പുരസ്ക്കാരങ്ങൾ നൽകി ആദരിക്കുക.
4) വൈജ്ഞാനിക വിവരശേഖരണ ഗവേഷണ സ്ഥാപനമായി മാസ്റ്ററുടെ പേരിൽ ഒരു രാഷ്ട്രാന്തരീയ ജനകീയ സംഗീത ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുക.
5) ദേവരാജസംഗീത ദർശനങ്ങളെ ആദരിക്കുന്നവരെ ഉൾക്കൊള്ളിച്ച് ഫാമിലി മ്യൂസിക്ക് ക്ലബ്ബ് രൂപീകരിക്കുക.
6) സമൂഹ നന്മയ്ക്കും സാംസ്ക്കാരിക വളർച്ചയ്ക്കും യുദ്ധം, ഭീകരത തുടങ്ങിയവയെ ചെറുക്കുന്നതിനും ജനമനസുകളിൽ സമാധാനം, സൗഹൃദം, ദേശസ്നേഹം ആതുര സാന്ത്വനം തുടങ്ങിയ വികാരങ്ങൾ വളർത്തുന്നതിനും സംഗീതത്തെ പ്രയോജനപ്പെടുത്താൻ പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക.
7) ദേവരാജസംഗീതത്തിലെ വീക്ഷണങ്ങൾ പഠനവിഷയമാക്കുന്നതിനും ഗവേഷണ വിഷയമാക്കുന്നതിനും അവശ്യം വേണ്ട പ്രവർത്തനങ്ങൾ നടത്തുക
ജി.ദേവരാജൻ ഒരു കാലഘട്ടത്തിലെ സംഗീതശബ്ദമാണ്. സ്വര സൌഭഗമാണ്. ഒരു സംസ്ക്കാരത്തിന്റെ സംഗീത പ്രതിധ്വനിയാണ്. ഒരു ജനതയുടെ സാംസ്ക്കാരിക പരിവർത്തന ശക്തിയാണ്. സംഗീതം ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ഉത്തമ കല എന്നതിലുപരി ഒരു സംസ്ക്കാരം കൂടിയാണ്. പ്രപഞ്ചാരംഭം മുതൽ തന്നെ സംഗീതത്തിന്റെ സ്വര സൌരഭ്യവും ചലന വൈവിധ്യങ്ങളും മനുഷ്യന് ചുറ്റും ദർശിക്കാൻ കഴിയുമായിരുന്നു. അവന് അനുഭവവേദ്യമായി യുഗങ്ങളിലൂടെ നീന്തി വന്ന ഈ മഹാകല വർത്തമാനകാല സമൂഹത്തിന്റെ ഒരു കോണിൽ സംഗീത വിസ്മയം ജി.ദേവരാജൻ മാസ്റ്ററുടെ സ്മരണയുമായി നിൽക്കുന്നു. ജി.ദേവരാജൻ ശക്തിഗാഥ എന്ന ഈ കൂട്ടായ്മ അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി മുന്നോട്ടുള്ള പ്രയാണം തുടരുന്നു.