മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953 – ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സംവിധായകരായ ഭരതനുംപത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സംഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു.
1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു[2][3] . തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. 2011 ആഗസ്റ്റ് 18- ന് വൈകീട്ട് ഏഴുമണിയോടെ ഹൃദയാഘാതത്തെ തുടർന്നു് 58-ആം വയസ്സിൽ ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു[2]. റാണിയാണ് ഭാര്യ.