മലയാളചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു എം.കെ. അർജ്ജുനൻ. അർജ്ജുനൻ മാസ്റ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രികതൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്. തന്റെ 84 ആം വയസ്സിൽ ഏപ്രിൽ 6, 2020 തിങ്കളാഴ്ച രാവിലെ 3:30 നു കൊച്ചിപള്ളുരുത്തിയിലെ വീട്ടിൽ വെച്ച് അന്തരിച്ചു നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയിൽ അർജ്ജുനൻമാസ്റ്റർക്ക് അവസരമൊരുക്കിയത്. കാളിദാസ കലാ കേന്ദ്രത്തിനു ദേവരാജൻ മാഷിന്റെ സഹായിയായി നാടകഗാനങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു. 1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ പേര് എഴുതിച്ചേർക്കാൻ അർജ്ജുനൻമാസ്റ്റർക്കു കഴിഞ്ഞു. തന്റെ ജീവിതം പകർത്തിയെഴുതിയ പോലെ പി. ഭാസ്കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജ്ജുനൻ ഈണം പകർന്നു."ഹൃദയമുരുകി നീ കരയില്ലെങ്കിൽകദനം നിറയുമൊരു കഥ പറയാം...ആയിടയ്ക്കാണ് അർജ്ജുനൻ ശ്രീകുമാരൻ തമ്പിയുമായി പരിചയപ്പെടുന്നത്. ശ്രീകുമാരൻ തമ്പിചിത്രമേള, വെളുത്തകത്രീന തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം ദേവരാജൻ മാഷുമായി സ്വൽപം അകന്നു നിൽക്കുന്ന സമയവുമായിരുന്നു. ഒരിക്കൽ എന്തോ പറഞ്ഞു ദേഷ്യത്തിന് ശ്രീകുമാരൻ തമ്പി ദേവരാജൻ മാഷിനോട് 'മാഷിനു സ്വന്തം സംഗീതത്തിൽ വിശ്വാസമുള്ളതുപോലെ എനിക്ക് എന്റെ കഴിവിലും വിശ്വാസമുണ്ട്, എനിക്കൊരു പാട്ടു നന്നാക്കാൻ മാഷിന്റെ ഹാർമോണിസ്റ്റു തന്നെ ധാരാളമാണ്' എന്നു പറയുകയുണ്ടായി. ഈ വാചകം അറം പറ്റിയതുപോലെയായി. പിൽക്കാലത്ത് എം കെ അർജ്ജുനനുമായി ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു. എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ഗായകർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ അധികവും ആലപിച്ചത്."വെള്ളാരംകുന്നിലെ വെള്ളിമീനുകൾ " എന്ന ചിത്രത്തിനായി രാജീവ് ആലുങ്കൽ രചിച്ച ഗാനങ്ങൾക്കാണ് എം.കെ.അർജുനൻ അവസാനമായി ഈണം നൽകിയത്.ശ്രീക്ക് മ്യൂസിക്കിനുവേണ്ടി (ശ്രീകാന്ത് എം. ഗിരിനാഥ്) എഴുതിയ മൂന്ന് പ്രണയഗാനങ്ങൾക്ക് 2019 ഡിസംബറിൽ എം.കെ.അർജ്ജുനൻ ഈണം നൽകിയിരുന്നു.